ചെന്നൈ : ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും.ഇന്ന് ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് നിഗമനം.തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്.നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി.തമിഴ്നാട്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി.ചുഴലിക്കാറ്റ് തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.