കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി .അറുപതോളം പേർക്ക് പരുക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ പിന്നിൽ സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടം. മാനുഷികമായ പിഴവാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും മരിച്ചവരിലുൾപ്പെടുന്നു.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി.ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കുകയും ചെയ്‌തു .പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് കൈമാറും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും .
റെയിൽവേ മന്ത്രാലയവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായവും നല്‍കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു .