ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈഡിസിന് ഇടമില്ല എന്ന ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയ്കുതമായാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ജൂലൈ 6, 7, 8, 9 തീയതികളിൽ വാർഡ് തലത്തിൽ പൊതുജനപങ്കാളിത്തത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബശ്രീ അംഗങ്ങൾ, വൺ ഹെൽത്ത് വോളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ, ആശ പ്രവർത്തകർ, മെഡിക്കൽ/നഴ്സിങ്/പാരാ മെഡിക്കൽ വിദ്യാർത്ഥികൾ, യൂത്ത് ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയ സാധ്യമായ എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ജൂലൈ 7 ഞായറാഴ്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവരുടെ പരിധിയിലുള്ള വീടുകളിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. വിട്ടുപോയ ഇടങ്ങളിൽ 8, 9 തീയതികളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരും. ജൂലൈ 26 ന് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങളുടെ റിവ്യൂ നടത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.