പത്തനംതിട്ട: ചെസ് രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച എസ് ശ്രീനന്ദയ്ക്ക് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉപഹാരം ജില്ലാ കളക്ടർ എ നിസാമുദ്ദീൻ സമ്മാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ശ്രീനന്ദയെ ആദരിച്ചത്.
ചെറുപ്രായത്തിൽ തന്നെ ചെസ് രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ശ്രീനന്ദ, പത്തനംതിട്ട ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 2025ലും 2026ലും തുടർച്ചയായി കിരീടം നേടിയിട്ടുണ്ട്. ഇതോടെ ജില്ലാ സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ പെൺകുട്ടിയെന്ന നേട്ടവും ശ്രീനന്ദ സ്വന്തമാക്കി. കേരള ബുക്ക് ഓഫ് റെക്കോർഡ്സും ഈ നേട്ടം ‘Historic Female Double Senior Chess Championship’ എന്ന നിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മലേഷ്യ യിൽ നടക്കുന്ന വേൾഡ് അമച്വർ ചെസ് ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീ നന്ദ ഇപ്പോൾ. കേരള സ്റ്റേറ്റ് സബ് ജൂനിയർ വിഭാഗത്തിൽ വെള്ളിമെഡലും അണ്ടർ-13 വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ദേശീയതല മത്സരങ്ങളിലായി നൂറിലേറെ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള ശ്രീനന്ദയ്ക്ക് അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക യോഗ്യതയും ലഭിച്ചിട്ടുണ്ട്.
നിലവിൽ പത്തനംതിട്ട ജില്ലാ അണ്ടർ 13,15,17,19 വിഭാഗങ്ങളിൽ ചാംപ്യൻ ആണ് ശ്രീനന്ദ
ഏഴാം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദ പത്താം വയസ്സിലാണ് ചെസ് പരിശീലനം ആരംഭിച്ചത്. പഠനത്തോടൊപ്പം ചെസിലും മികവ് പുലർത്തുന്ന ശ്രീനന്ദയുടെ നേട്ടങ്ങൾ മറ്റ് കുട്ടികൾക്കും പ്രചോദനമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ., സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലീം പി. ചാക്കോ, ട്രഷറർ ദീപു ഇ.ജി., എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജയകൃഷ്ണൻ, രാജേഷ് കുമാർ ടി., സുമാ നരേന്ദ്ര, ശ്രീ നന്ദയുടെ മാതാപിതാക്കളായ ശ്രീലാൽ എസ്, വീണ ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





