തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടമെന്ന് പരാതി ഉയരുന്നു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘം കൂട്ടത്തോടെ സ്കൂൾ മതിൽക്കെട്ടിന് ഉള്ളിൽ കയറും. ലഹരി ഉപയോഗത്തിന് ശേഷം സ്കൂൾ വളപ്പിനുള്ളിലും സമീപത്തെ റോഡുകളിലുമായി ചേരി തിരിഞ്ഞുള്ള സംഘർഷം പതിവാണെന്ന് പരിസരവാസികൾ പറയുന്നു.
വ്യാഴാഴ്ചയും സമാന സംഭവം ഉണ്ടായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സ്കൂളിന് സമീപത്തെ റോഡിൽ ചേരിതിരിഞ്ഞ് തമ്മിൽ തല്ലിയ സംഘത്തെ നാട്ടുകാർ ഇടപെട്ട് പറഞ്ഞയക്കുകയായിരുന്നു. രാത്രികാല പെട്രോളിങ് ശക്തമാക്കണം എന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പുളിക്കീഴ് പോലീസിൽ പരാതി നൽകി.