ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവുകളും അനുസരിച്ചായിരിക്കണം. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളിൽ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടോ എന്ന് സംഘാടകർ പരിശോധിക്കണം. ഈ നിയന്ത്രണങ്ങൾ ബന്ധപ്പെട്ട അധികാരി ഒഴിവാക്കിയിട്ടില്ലെങ്കിൽ അവ കൃത്യമായി പാലിക്കണം.
ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധാപൂർവ്വം അനുസരിക്കണം. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ജാഥ കടന്നുപോകുന്നതിന് സംഘാടകർ മുൻകൂട്ടി നടപടികൾ സ്വീകരിക്കണം. ജാഥ വളരെ ദൈർഘ്യമേറിയതാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം.
ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പൊലീസിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടണം. കൂടാതെ ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പൊലീസിൻ്റെ സഹായം തേടാം.
ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ ജാഥയിൽ കൊണ്ട് പോകുന്നത് ഒഴിവാക്കുവാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.






