വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കല്‍പ്പറ്റ ബൈപാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ആദ്യഘട്ടമായി മുന്നൂറോളം വീടുകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയും പരിസ്ഥിതിയോട് ഇണങ്ങുന്ന രീതിയിലുമാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 35 ക്ലസ്റ്ററുകളിലായാണ് നിര്‍മാണം. 207 വീടുകളുടെ വാര്‍പ് പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി വീടുകളില്‍ തറ കെട്ടല്‍, കോണ്‍ക്രീറ്റ് ഭിത്തി, ടൈല്‍ പാകല്‍, പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
3.9 കിലോമീറ്റര്‍ നീളത്തിലുള്ള റോഡിന്റെ പ്രാരംഭ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കലും പൂര്‍ത്തിയാക്കി. 58 ഘട്ടങ്ങളിലായി ഗുണനിലവാരം പരിശോധിച്ച ശേഷമാണ് ഓരോ ഘട്ടത്തിലേക്കും നിര്‍മാണം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മാണത്തിനായി വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നും, 20 വര്‍ഷത്തോളം വാറന്റിയുള്ള വസ്തുക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






