തിരുവല്ല : കുറ്റൂർ – മനയ്ക്കച്ചിറ റോഡിൽ കറുത്താലി തോട്ടിലെ പാലത്തിന് താഴെ സ്ഥാപിച്ച ഷട്ടർ ഓരോ വെള്ളപ്പൊക്കത്തിലും കവിഞ്ഞൊഴുകുന്നതോടെ പ്രദേശവാസികൾ ആശങ്കയിൽ. കറുത്താലി തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ കുറ്റൂർ പഞ്ചായത്തിലെ മൂന്ന് ( 3, 4, 11 ) വാർഡുകളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്ക നിയന്ത്രണത്തിനാണ് ഷട്ടർ സ്ഥാപിച്ചത്. പാലത്തിൻ്റെ മുകൾ തട്ടുമായി 3 അടിയോളം താഴ്ച്ചയിലാണ് ഷട്ടർ സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് വെള്ളം കവിഞ്ഞൊഴുകാൻ കാരണമായത്.
പൊട്ടൻമല, ചിറ്റയ്ക്കാട് ,ശാസ്തനട, ഗുരുമന്തിരം കവല , പള്ളിമല , മധുരംപുഴ , കോതാട്ടുചിറ , ചേരിക്കൽ തോട് , ഏറ്റുകടവ് പാടശേഖരം എന്നിവിടങ്ങളിൽ വെള്ളമെത്തുന്നത് കറുത്താലി ഷട്ടർ വഴിയാണ്. ഈ ഷട്ടറിനു സമീപം ഒരു വർഷമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം ഷട്ടറിൽ വീണ് ഒരെണ്ണം തുരുമ്പ് എടുത്ത് പ്രവർത്തനരഹിതമായി.
ചെറുകിട ജലസേചന വകുപ്പ് ഷട്ടർ ഉയർത്താൻ നടപടി സ്വികരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി തുടങ്ങിയിട്ടില്ല. കുറ്റൂർ – മനയ്ക്കച്ചിറ റോഡ് ഉന്നത നിലവാരത്തിൽ പണിതപ്പോൾ റോഡിൻ്റെ കൂടെ പാലവും പുതുക്കി. എന്നാൽ പഴയപാലത്തിനൊത്ത് ഷട്ടറിൻ്റെ രൂപകല്പനയിൽ മാറ്റം വന്നില്ല. ഇതോടെ ഓരോ വെള്ളപ്പൊക്കത്തിലും മണിമലയാറ്റിൽ നിന്നും കുതിച്ച് എത്തുന്ന വെള്ളം പഞ്ചായത്തിനെ തീരാ ദുരിതത്തിലേക്ക് മാറ്റി. നാളുകളായി പ്രദേശവാസികൾ ഈ പ്രശ്നം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.