കോട്ടയം: പ്രസിദ്ധമായ ദേവലോകം പെരുന്നാളിൽ പ്രാർത്ഥന നടത്താനും പങ്കെടുക്കാനും മലങ്കരസഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. കുറിച്ചി വലിയ പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ കോടിമത പടിഞ്ഞാറേക്കര അങ്കണത്തിൽ ദേവലോകം അരമന അസിസ്റ്റൻഡ് മാനേജർ ഫാ ഗീവർഗീസ് ജോൺസന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച തീർത്ഥാടക സംഘത്തെ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. നഗരസഭാ ചെയർമാൻ എം.പി സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ പദയാത്രികരെ സ്വീകരിച്ചു.
കോട്ടയം മാർ ഏലിയാ കത്തീഡ്രലിലും, ദേവലോകം അരമനയിലും സന്ധ്യാനമസ്ക്കാരം നടന്നു. അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.
മെത്രാപ്പോലീത്താമാരായ ഡോ.ഗീവർഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.സഖറിയാസ് മാർ അപ്രേം, ഡോ.ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പീലക്സീനോസ്, സഖറിയാസ് മാർ സേവേറിയോസ് എന്നിവർ സഹകാർമ്മികരായി. ഫാ.ഡോ.ഷാജൻ വർഗീസ് അനുസ്മരണ പ്രസംഗം നടത്തി.
തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും, വഴുവാടി മാർ ബസേലിയോസ് പള്ളിയിൽ നിന്നും, വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരെ അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്വും നടന്നു.






