അടൂർ : ഏറത്ത് കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ ഉള്ളിൽ അകപ്പെട്ടു. സംഭവം കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞു വീണു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപ്പെടലിൽ ആളപായം ഒഴിവായി.
ഞായറാഴ്ച രാവിലെ 9: 30 ന് ഏറത്ത് പുലിക്കുന്നിൽ കൈതമുക്ക് എന്ന സ്ഥലത്താണ് സംഭവം. കോട്ടക്കാട്ട് കുഴിയിൽ രാജു (55) സമീപവാസിയുടെ വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം സ്വന്തം പുരയിടത്തിലെ കിണറ്റിൽ നിന്നും കുളിക്കാനായി വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ തൊട്ടിയും കയറും കിണറ്റിൽ വീണത്. തൊട്ടി എടുക്കാനായി ഇറങ്ങുന്നതിനിടെ രാജു കാൽ വഴുതി കിണറ്റിൽ വീണു. രാജുവിനെ രക്ഷപ്പെടുത്താൻ സമീപവാസികളായ കൊച്ചുമോൻ (45) അജി (35) സുനിൽ (30) അനുപ് ( 25) എന്നിവർ ഇറങ്ങിയെങ്കിലും ഇവരും കുഴഞ്ഞ് വീഴുകയായിരുന്നു.
സംഭവം കണ്ടു നിന്ന സമീപവാസിയായ സുനിത (36 ) എന്ന വീട്ടമ്മയും കുഴഞ്ഞുവീണു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ 5 പേരെയും കരയ്ക്ക് എത്തിച്ചു. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് യൂണിറ്റ് 5 പേരെയും കുഴഞ്ഞു വീണ വീട്ടമ്മയെയും ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ അടുർ ജനറൽ ആശുപത്രിയിലെത്തിച്ചു. 15 അടിയോളം താഴ്ച്ചയും 6 അടിയോളം വ്യാസവുമുള്ള കിണറ്റിൽ അര അടിയോളം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. കിണറിനുള്ളിൽ ശുദ്ധവായുവിൻ്റെ ലഭ്യത കുറവായതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് പ്രാഥമിക നിഗമനം. ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.