പത്തനംതിട്ട : യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളിൽ വീട്ടിൽ തോമസ് ജോൺ(52 ) ആണ് പിടിയിലായത്.
അയിരൂർ സ്വദേശിനിയായ നഴ്സിംഗ് കഴിഞ്ഞ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓഫർ ലെറ്റർ കാണിച്ചു 2022 സെപ്റ്റംബർ 28 ന് പ്രതി പരാതിക്കാരിയുടെ കയ്യിൽ നിന്നും 350000 കൈപ്പറ്റിയശേഷം വിസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ അഞ്ചൽ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയായിരുന്നു. തുടർന്ന് ഇയാളെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
പ്രതിക്ക് തിരുവല്ല, പോത്താനിക്കാട്, അഞ്ചൽ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് കേസുകൾ നിലവിലുണ്ട്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.