കൊച്ചി: റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂവർ സംഘം അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വേഗത കുറച്ച് തിരുവനന്തപുരത്തേക്ക് പോവുകായിരുന്ന 17230 ശബരി എക്സ്പ്രസ്സിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ്റെ മൊബൈൽ ഫോൺ റെയിൽവേ ട്രാക്കിൽ നിന്ന് തട്ടിയെടുത്തത്.
പശ്ചിമബംഗാൾ സ്വദേശികളായ മൂന്ന് പേരെ ആർ പി എഫ് എറണാകുളം നോർത്ത്, തിരുവനന്തപുരം ക്രൈം ഇൻൻ്റലിജൻസ് ബ്രാഞ്ച്, ക്രൈം പ്രിവൻഷൻ ടീമും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. യാത്രക്കാരൻ്റെ തട്ടിയെടുത്ത ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകൾ, പുല്ലേപ്പടിപ്പാലം, കമ്മട്ടിപ്പാടം, സിബിഐ ഓഫീസ് പരിസരം മുതലായ സ്ഥലങ്ങളിലും, സമീപത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സമീപവാസികളെ ചോദ്യം ചെയ്തതിന്റെ ഫലമായാണ് കണ്ടെത്തിയത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗതകുറച്ച് ഓടുന്ന സമയം ട്രെയിനിൻ്റെ വാതിലിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരെയാണ് ഇവർ ലക്ഷ്യം വക്കുന്നത്. ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്ന് തട്ടിയെടുക്കുന്ന മൊബൈൽ ഫോണുകളുമായി വേഗത്തിൽ രക്ഷപ്പെടുകയാണ് ഇവരുടെ പതിവ്.
മോഷ്ടിച്ചെടുക്കുന്ന വസ്തുക്കൾ എറണാകുളത്തും പെരുമ്പാവൂരിലും വിറ്റ് കാശാക്കി നിത്യ ജീവിതവും ഒപ്പം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുമായാണ് ചിലവാക്കുന്നത്. ഏകദേശം 2 വർഷത്തിലധികമായി ബംഗാളിൽ നിന്ന് കേരളത്തിൽ എത്തിയ ഇവർ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പതിവായി പലയിടങ്ങളിലും ചെയ്യാറുണ്ടന്ന് കണ്ടെത്തി. സംഘത്തിലെ നാലാമനായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ തുടർ നടപടിക്കായി എറണാകുളം ഗവ റെയിൽവേ പോലീസിന് കൈമാറും.






