പത്തനംതിട്ട : സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്കെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തെങ്ങമം സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ചെലവാക്കുന്ന തുക സർക്കാർ ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാൻ സഹായിക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. കൂടുതൽ ഉയരങ്ങളിൽ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.
തെങ്ങമം സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. സ്കൂളിന് പുതിയ വാഹനം വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് വ്യക്തമാക്കി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി