ശബരിമല : മലകയറുന്ന തീര്‍ഥാടകർക്ക് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.
തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം.
മലകയറുന്ന വേളയിൽ ക്ഷീണം അനുഭവപ്പെട്ടാൽ സാവധാനം വിശ്രമം എടുത്തശേഷം മാത്രം യാത്ര തുടരുക.ആവശ്യമെങ്കിൽ വഴിയിലുടനീളം സജ്ജീകരിച്ചിട്ടുള്ള മെഡിക്കൽ യൂണിറ്റുകളിലെ ഓക്സിജൻ സിലിണ്ടർ സേവനം പ്രയോജനപ്പെടുത്തണം. മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം .നിർജലീകരണം ഒഴിവാക്കാൻ സോഡാ പാനീയങ്ങൾ ഒഴിവാക്കി ചൂട് വെള്ളം മാത്രം കുടിക്കണം.
മലകയറുന്നതിനു മുൻപ് എന്തെങ്കിലും ശാരീരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ, പമ്പയിൽ നിന്ന്തന്നെ ചികിത്സ നേടണം.സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. യാത്രയിൽ മരുന്ന് കുറിപ്പടികൾ കൈവശം കരുതുകയും വേണം.സ്വയം ചികിത്സ പൂർണമായും ഒഴിവാക്കണം.
പേശിവലിവ് ഒഴിവാക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയാണ് മാർഗം.
പാമ്പ് കടിയേറ്റാൽ ശരീരം വലുതായി അനക്കാതെ സൗകര്യപ്രദമായി ഇരിക്കണം.മുറിവ് കത്തിയോ ബ്ലെയ്‌ഡോ വച്ച് വലുതാക്കരുത്. മുറിവേറ്റഭാഗം മുറുക്ക് കെട്ടുകയുമരുത്. വിഷം ഊറ്റിയെടുക്കാൻ ശ്രമിക്കുന്നതും അപകടമാണ്. കടിയേറ്റ ഭാഗം ഉയർത്തിവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം എത്രയും വേഗം എമർജൻസി മെഡിക്കൽ കണ്ട്രോൾ റൂമിലേക്ക് വിളിക്കുക. സന്നിധാനത്തടക്കം എല്ലാ മെഡിക്കൽ സെന്ററുകളിലും ആന്റിവെനം സജ്ജമാക്കിയിട്ടുണ്ട്.
എമർജൻസി മെഡിക്കൽ കണ്ട്രോൾ റൂം നമ്പർ 04735- 203232 . പമ്പയിലാണ് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത് .ഇവിടേക്ക് അടിയന്തര സാഹചര്യത്തിന്റെ വിവരം, സ്ഥലം ,ഉൾപെട്ടിട്ടുള്ളവരുടെ എണ്ണം എന്നിവ അറിയിച്ചാൽ ഉടൻ ഏറ്റവും അടുത്ത മെഡിക്കൽസെന്ററിൽ നിന്ന് സ്റ്റാഫ് നഴ്‌സ് ഉൾപ്പടെയുള്ളവരുടെ സേവനം ലഭിക്കും . ഒപ്പം സ്‌ട്രെച്ചറുകൾ , ആംബുലൻസ് എന്നിവയും ഏർപ്പാടാക്കും. പുറമെ രോഗികളെ സ്വീകരിക്കാൻ ഏറ്റവും അടുത്തുള്ള ആശുപത്രിക്ക് വിവരം കൈമാറും. ഹോട് ലൈൻ സംവിധാനത്തിന്റെ ഉപയോഗത്തിലൂടെയാണ് പ്രവർത്തങ്ങളുടെ ഏകോപനം നടപ്പാക്കുന്നതെന്ന് നോഡൽ ഓഫീസർ ഡോ .കെ കെ ശ്യാംകുമാർ അറിയിച്ചു.