റാന്നി: വടശ്ശേരിക്കര ടൗണിൽ കാട്ടാനക്കൂട്ടം ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച സാഹചര്യത്തിൽ, മിനിറ്റുകൾക്കുള്ളിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ച് വനം വകുപ്പ് മന്ത്രിയുടെ അതിവേഗ ഇടപെടൽ. കാട്ടാന ഇറങ്ങിയ വാർത്ത ഉച്ചയോടെയാണ് പുറത്തു വന്നത്. മൂന്ന് മണിക്കുള്ളിൽ തന്നെ യോഗം വിളിച്ച മന്ത്രി യോഗതീരുമാനങ്ങൾ ഉടനടി നടപ്പാക്കാൻ കർശന നിർദ്ദേശം നൽകി.
ആട്ടക്കുഴിയിലെ തോട്ടങ്ങളിൽ സ്ഥാപിച്ച ഫെൻസിങ്ങിന്റെ ഭാഗങ്ങൾ ഉടൻതന്നെ ഭാഗികമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. വടശ്ശേരിക്കര പ്രദേശത്ത് അടിയന്തരമായി കൂടുതൽ വനംവകുപ്പ് ഫീൽഡ് സ്റ്റാഫിനെ നിയോഗിക്കുകയും, കാട്ടാനകളെ സുരക്ഷിതമായി തുരത്തുന്നതിൽ പ്രാവീണ്യവും പരിചയസമ്പത്തുമുള്ള പ്രദേശവാസികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്യും. കൂടാതെ, മറ്റ് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സംഘങ്ങളെ അടിയന്തരമായി വടശ്ശേരിക്കരയിലേക്ക് നിയോഗിക്കാനും തീരുമാനമായി.
പ്രദേശവാസികളുടെയും ശബരിമല തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കാട്ടാനകളെ ആകർഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, ദുരന്തനിവാരണ നിയമപ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് പ്രദേശത്തെ പൈനാപ്പിൾ കൃഷി നിയന്ത്രിക്കുന്നതിന് ആവശ്യമായ ഉത്തരവ് ജില്ലാ കളക്ടർ പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.
ഓൺലൈനായി കൂടിയ യോഗത്തിൽ പത്തനംതിട്ട എം.പി. ആന്റോ ആന്റണി, റാന്നി എം.എൽ.എ. പഴകുളം മധു, വനംവകുപ്പ് സെക്രട്ടറി കെ. ബിജു, പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴന്തി, സതേൺ സർക്കിൾ സി.സി.എഫ്. കാർത്തികേയൻ, റാന്നി ഡി.എഫ്.ഒ. അരുൾ സെൽവൻ എന്നിവർ പങ്കെടുത്തു.





