കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിര്‍മാണ ശുപാര്‍ശകളില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി.അഡ്വ. മിത സുരേന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി ഡിവിഷൻ ബഞ്ച് നിയമിച്ചത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.
റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്ത പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ട്. അഞ്ച് പേർ നടപടികളുമായി മുന്നോട്ടുപോകാൻ വിസമ്മതിച്ചു.മൂന്നു പേർ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.