കൊച്ചി : നടി ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽ നിന്ന് റിപ്പോർട്ട് തേടി. സർക്കാരിനു നോട്ടിസയ്ക്കാനും കോടതി നിർദേശിച്ചു.കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും വിഷയത്തിൽ തിടുക്കം കാട്ടിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അതേസമയം,ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍ രംഗത്തെത്തി . അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും.
ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് .സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്.ദുരൂഹമായ ഒരു ഗൂഢ പദ്ധതി കേസിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിൽ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.