കോട്ടയം: സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലും, ഏകാന്തതയും വ്യക്തി ജീവിതത്തെ നിരാശയിലേക്കും തകർച്ചയിലേക്കും തള്ളിവിടുകയാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായതോടെ വയോധികർ വീടുകളിൽ ഏകരാകുകയാണ്.
അത്തരക്കാരെ ചേർത്തുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കും, ആരാധന ബന്ധങ്ങളിലേക്കും കൊണ്ടുവരേണ്ടതുണ്ടെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കരസഭയുടെ വയോജന സംരക്ഷണ പദ്ധതിയായ ചാരെ യുടെ നേതൃപരിശീലന ക്യാമ്പ് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
അഖില മലങ്കര പ്രാർത്ഥനായോഗം പ്രസിഡന്റ് പ്രസിഡൻ്റ് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് പുന്നൂസ്, പി.യു തോമസ്, റവ.മത്തായി റമ്പാൻ എന്നിവർ ക്ലാസുകൾ നയിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, വൈസ് പ്രസിഡൻ്റ് ഫാ.ബിജു മാത്യു പ്രക്കാനം, കേന്ദ്ര സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ചാരെ കോ ഓർഡിനേറ്റർ ഫാ.മാത്യു പുരക്കൽ, സെക്രട്ടറിമാരായ ഐസക് തോമസ്, സാനാജി ജോർജ്ജ്, ഓർഗനൈസിംഗ് സെക്രട്ടറി വർഗീസ് കരിപ്പാടം, ട്രഷറർ പി.എസ്. ജോർജ് എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 120 അംഗങ്ങൾ പങ്കെടുത്തു.






