ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി. കേസ് അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻ ഐ എ അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.
സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്തും. വിവിധ അന്വേഷണ സംഘങ്ങൾ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എൻ ഐ എയുടെ മേൽനോട്ടത്തിലാകും നടക്കുക.
സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും കടത്തിവിടുക. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.






