തിരുവല്ല: പിണങ്ങിമാറി അമ്മയ്‌ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനു കേസെടുത്തു. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം കെ രാജേഷി (39)നെ പോലീസ് അറസ്റ്റ് ചെയ്തത്. ബിയർ കുപ്പികൊണ്ടുള്ള ഭർത്താവിന്റെ ആക്രമണത്തിൽ 30 കാരിക്ക് ഗുരുതര പരിക്ക്. പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
7 വർഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. സംശയരോഗമുള്ള ഭർത്താവ് മദ്യപിച്ചു വന്ന് നിരന്തരം മർദ്ദിക്കുമെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതി അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന വീട്ടിൽ ഇന്നലെ രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു.
ഇയാൾക്കൊപ്പം വീട്ടിലേക്ക് പോകാൻ വിളിച്ചപ്പോൾ പോകുന്നില്ല എന്ന് പറഞ്ഞതിനാണ് തുണി അലക്കിക്കൊണ്ടിരുന്ന യുവതിയെ വഴക്കുണ്ടാക്കി പിടിച്ചു തള്ളി താഴെ ഇട്ടതും, തുടർന്ന് നെഞ്ചത്ത് അമർത്തിപ്പിടിച്ച ശേഷം ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതും. കൊല്ലണമെന്ന് ഉദ്ദേശിച്ച് അലക്കു കല്ലിന്റെ സൈഡിൽ ഇരുന്ന ബിയർ കുപ്പി എടുത്ത് ആദ്യം ഇവരുടെ നെറ്റിയിൽ ആഞ്ഞടിച്ചു. പിന്നീട്, പൊട്ടിയ കഷ്ണം കൊണ്ട് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു.കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.
രക്ഷപ്പെട്ട് ഓടിയ യുവതിയെ സഹോദരി ഓട്ടോറിക്ഷയിൽ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി, ഭാര്യയും അഞ്ചു വയസ്സുള്ള മകനെയും മദ്യപിച്ചെത്തി മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ഞായറാഴ്ചയും ദേഹോപദ്രവം ഏൽപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. യുവതിയും മകനും അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് പോയി.
എ എസ് ഐ മിത്ര വി മുരളി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസിന്റെ അന്വേഷണത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല കച്ചേരിപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






