തിരുവനന്തപുരം : ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തിൽ തന്നെ കണക്കാക്കപ്പെടുന്നത്. ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാം.
ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതിൽ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടായിരിക്കും. എന്നാൽ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ഈഡിസ് കൊതുകിന്റെ സഞ്ചാര ദൂരം ചെറുതാണ്. അതിനാൽ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാൻ സഹായിക്കും .അതിനാൽ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്.
ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുക. തിളപ്പിച്ചാറ്റിയ കഞ്ഞി വെള്ളം നല്ലത്. വിശ്രമം വളരെ പ്രധാനമാണ്. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. ശക്തമായ വയറുവേദന, നീണ്ടു നിൽക്കുന്ന ഛർദി, കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലുമുള്ള ചുവന്ന പാടുകളോ രക്തസ്രാവമോ തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.