കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു മൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകൾ പൂർണമായോ ഭാഗകമായോ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം വകുപ്പ്/സ്ഥാപനത്തിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളതെന്നും കമ്മീഷണർ അറിയിച്ചു