തിരുവല്ല : അപ്പർ കുട്ടനാട്ടിലെ പെരിങ്ങരയിൽ ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ചോളം വിളയിച്ച് വനിതാ കൂട്ടായ്മ. കാവുംഭാഗം – ചാത്തങ്കരി റോഡിലെ കൊട്ടാണിപ്ര ജംഗ്ഷന് സമീപത്തെ ഭൂമിയിൽ കൃഷി വകുപ്പിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അനിത, ശ്രീജ, സൗമ്യ, ശോഭന, അമ്പിളി, ശ്രീകുമാരി, ജിഷ എന്നിവരടങ്ങുന്ന ഏഴംഗ വനിത കൂട്ടായ്മ ചോളം വിളയിച്ചത്.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് സൗജന്യമായി വിട്ടു നൽകിയ ഒരു ഏക്കറോളം വരുന്ന ഭൂമിയിലാണ് ഏതാണ്ട് 50 ദിവസത്തിന് മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ വനിതാ കൂട്ടായ്മ ചോളം കൃഷിയുമായി മുന്നിട്ടിറങ്ങിയത്. 90 ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ബാജിറ , സ്വർഗം എന്നീ വിത്ത് ഇനങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. ഭൂമി വൃത്തിയാക്കി വാരം എടുത്ത് ഒരടി അകലത്തിൽ ആണ് വിത്തുകൾ പാകിയത്.
വെള്ളം എത്തിക്കുന്നതിനായി പമ്പ് സെറ്റ് സ്ഥാപിച്ചു. ഏതാണ്ട് ഒരു മാസക്കാലത്തിനിടെ വിളവെടുക്കാൻ പാകമായതിന് പിന്നാലെ വേനൽ മഴ എത്തി. ഇതോടെ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ചോളം സംരക്ഷിക്കുന്ന രീതി സ്വീകരിച്ചു. കൃഷിക്ക് വളമായി ചാണകം മാത്രമാണ് ഉപയോഗിച്ചത്. വിളവെത്തിയ ചോളത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ ലഭിക്കും.
മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി മാറ്റിയാൽ കിലോയ്ക്ക് 250 – 300 രൂപ വരെ വിപണിയിൽ മൂല്യമുള്ളതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷി വിജയകരമായതോടെ വരും വർഷങ്ങളിൽ കൂടുതൽ തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കുവാനാണ് കൂട്ടായ്മയുടെ തീരുമാനം.