ശബരിമല : വൃശ്ചികപ്പുലരിയിൽ അയ്യപ്പദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകരാണ് പമ്പയിലും സന്നിധാനത്തും എത്തുന്നത്. ശബരിമലയിലെ പുതിയ മേൽശാന്തിയായി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേറ്റു. ഇന്ന് പുതിയ മേൽശാന്തിമാരുടെ നേതൃത്വത്തിലാണ് ക്ഷേത്രനട തുറന്ന് നിത്യപൂജകൾ ആരംഭിച്ചത്.
തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി പൊലീസ്, ദേവസ്വം ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലയ്ക്കലിൽനിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രയുടെ ആദ്യദിവസം തന്നെ തീർഥാടകർക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് നിശ്ചയിച്ചതിലും 50 മിനിറ്റ് നേരത്തേ ആദ്യ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രയാസമുണ്ടായി. ഒരു മണിക്കൂറിൽ 66 ചെയിൻ സർവീസുകൾ വരെ നടത്തേണ്ട സാഹചര്യമാണ്.
ദർശനത്തിനായി പ്രതിദിനം പരമാവധി 80,000 തീർഥാടകരെയാണ് അനുവദിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്നലെ ഏകദേശം 30,000 പേർ ദർശനത്തിനായി ബുക്ക് ചെയ്തിരുന്നു. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിലൂടെയാണ് പ്രവേശനം നിയന്ത്രിക്കുന്നത്. പമ്പയിൽ സ്പോട്ട് ബുക്കിങ് സൗകര്യമില്ല.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് സംഘങ്ങളും സന്നിധാനത്ത് ചുമതലയേറ്റു. പതിനെട്ടാംപടിയിൽ മിനിറ്റിൽ 75 മുതൽ 80 വരെ തീർഥാടകരെ ആണ് കയറ്റി വിടുന്നത്. തിരക്ക് നിരീക്ഷിക്കാൻ നിർമിതബുദ്ധി അധിഷ്ഠിത ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.





