തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘യൂണൈറ്റഡ് ’26’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ 10 വരെ നടക്കും. “ആശുപത്രി ദുരന്ത സജ്ജീകരണവും മാനേജ്‌മെന്റും” (Hospital Disaster Preparedness & Management) എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം.
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവെൻഷൻ സെന്ററിൽ നടക്കുന്ന ത്രിദിന സമ്മേളനം ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള അധ്യക്ഷനായി. യു.എസ്.എയിലെ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹാർപർ സർവകലാശാല ആശുപത്രി ഗവേഷണ വിഭാഗം ഡയറക്ടറും ജി എച്ച് ആർ സി സ്ഥാപകനുമായ എമർജൻസി വിഭാഗം പ്രൊഫസർ ഡോ വിജയ അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി.
കോന്നി മെഡിക്കൽ സെന്റർ സി ഇ ഒ യും യുണൈറ്റഡ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ ജിജു ജോസഫ്, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ഏബൽ കെ സാമുവൽ, എമർജൻസി വിഭാഗം അക്കാഡമിക്ക് മേധാവിയുമായ ഡോ ലൈലു മാത്യൂസ്, റവ ഫാ തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ 10-ന് നടക്കുന്ന പ്രധാന സമ്മേളനത്തിൽ വിവിധ ആരോഗ്യ വിദഗ്ദ്ധരും ദുരന്ത നിവാരണ മേഖലയിലെ പ്രമുഖരും പങ്കാളികളാകും. അടിയന്തര സാഹചര്യങ്ങളെ നേരിടാനും ആശുപത്രികളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള സവിശേഷ പാനൽ ചർച്ചകളും നിർദ്ദേശ രൂപീകരണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.





