ടെഹ്‌റാൻ : ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നു .490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരുടെ കണക്ക് ഇറാൻ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു.ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയാറെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.അതേസമയം പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക സായുധ നീക്കം നടത്തിയാൽ അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഡിസംബർ 28 നാണ് ഉയർന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരായി രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത് .ഇറാനിലെമ്പാടും ഇൻ്റർനെറ്റും മൊബൈൽ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തുടനീളം 10,600 ൽ അധികം ആളുകൾ തടവിലായതായി രാജ്യാന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.






