പുറമറ്റം ശ്രിദേവി പടയണി സംഘമാണ് പടയണി വിനോദമായ കാക്കാരശ്ശി തിരുവാതിര നാളിൽ അവതരിപ്പിച്ചത്. അന്തരയക്ഷി, സുന്ദര യക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി, തുടങ്ങിയ കോലങ്ങളും 101 പാളയുടെ ഭൈരവിക്കോലവും സമാപന പടയണിയിൽ പുതുക്കുളങ്ങര പടയണിക്കളത്തിലെത്തി. പുലർച്ചെ അഞ്ചരയോടെ അൻപതടിയോളം ഉയരത്തിലുള്ള മഹാഭൈരവിക്കോലം ഒന്നിനു താഴെ വരിയായി ഒരുക്കിയ അഞ്ച് വലിയ മുഖങ്ങളുമായി തീപ്പന്തത്തിന്റെ വെളിച്ചത്തിൽ എഴുന്നള്ളി.
ഭദ്രകാളിയുടെ വിരാട രൂപമായ മഹാഭൈരവിക്കോലത്തിൽ ഭദ്രകാളിയുടെ കർണാഭരണങ്ങളായി വരച്ചിരിക്കുന്നത് സിംഹവും ആനയുമാണ്. കോലത്തിന്റെ തിരുമുടിയായി സങ്കൽപ്പിക്കുന്ന കുരുത്തോല അല്ലികളും അതിനുള്ളിൽ നാഗമുഖങ്ങളും വരച്ചു ചേർത്തിരിക്കുന്നു. അതിനുള്ളിൽ 66 മുഖങ്ങൾ ഏറ്റവും പുറത്തുള്ള വരിയിലും അതിനുള്ളിലായി 17 വരികളിലായി നൂറ് കണക്കിന് മുഖങ്ങളും വരച്ച് ചേർത്തിരുന്നു.
101 പച്ചക്കമുകിൻ പാളയിൽ തീർത്ത ഭൈരവിക്കോലങ്ങൾ വരെ തലയിലെടുത്ത് കലാകാരന്മാർ ചുവട് വയ്ക്കും. ഇതിന്റെ പത്തിരട്ടി വലിപ്പമുള്ള കോലമായതിനാൽ തടികൊണ്ടുള്ള ചക്രങ്ങളും ചട്ടവും ഉപയോഗിച്ചാണ് കോലം കളത്തിൽ എത്തിക്കന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കോലത്തിൽ സ്ഥാപിച്ച 51 പന്തത്തിന്റെയും ചൂട്ടുകറ്റയുടെയും അകമ്പടിയിൽ എത്തുന്ന മഹാഭൈരവിക്കോലം നാടൻ കലാരംഗത്തെ ഒരു വിസ്മയമാണ്.
ചെത്തിമിനുക്കിയ 1001 പച്ചക്കമുകിൻ പാളയിൽ പ്രകൃതി വർണങ്ങൾ ചാലിച്ച് എഴുതിയ മഹാ ഭൈരവിക്കോലം. 35 ചിത്രകലാകാരന്മാരുടെ 50 മണിക്കൂറത്തെ അദ്ധ്വാനത്തിൻറെ ഫലമാണ്. അത് തയ്യാറാക്കുന്ന ചട്ടവും ചാടും ഒരുക്കാൻ പോലും ഒരാഴ്ചത്തെ അദ്ധ്വാനം വേണ്ടി വന്നു. പടയണിയുടെ സമാപന നാളിൽ വഞ്ചിപ്പാട്ടിൻറെയും പടയണിപ്പാട്ടിൻറെയും അകമ്പടിയിൽ മഹാഭൈരവിക്കോലം എഴുന്നള്ളുമ്പോൾ അത് ഒരാണ്ടു മുഴുവൻ കാത്തിരുന്ന കർഷക ജനതയുടെ വിശ്വാസത്തിൻറെ സമർപ്പണമായി