പത്തനംതിട്ട: മാരുതി കാറിൻ്റെ ഡീലർ ആയ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിങ് ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപ നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി.
കുമ്പഴ മേലേമണ്ണിൽ റൂബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നൽകിയ ഹർജിയിലാണ് വിധി ഉണ്ടായത്. എതിർകക്ഷിയായ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനിയിൽ നിന്നും 2014 ജൂലൈ മാസത്തിൽ 6,44,033 രൂപാ വില നൽകി മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ബ്രാൻഡ് ന്യൂ ആയി ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. 2015 ഡിസംബറിൽ ബോണറ്റിലെ പെയിൻ്റ് ഇളകാൻ തുടങ്ങി. ഈ വിവരം ഇൻഡസിൽ എത്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും അവർ പരിഗണിച്ചില്ല.
സംശയം തോന്നിയ ഹർജി കക്ഷി കാറിൻ്റെ സർവ്വീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ ഈ കാർ ഹർജി കക്ഷിക്ക് ഡെലിവറി ചെയ്യുന്നതിന് മുമ്പ് കോതമംഗലം ഇൻഡസ് മോട്ടോഴ്സിൽ രണ്ട് തവണയായി 66,408 രൂപയുടെ ബോഡി റിപ്പയറിങ് ചെയ്യുകയും ക്ലയിം വാങ്ങിയിട്ടുള്ളതുമാണ് എന്ന് ബോദ്ധ്യപ്പെടുകയുണ്ടായി. ഈ കാറാണ് ബ്രാൻഡ് ന്യൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിറ്റത്. ഇതിനെതിരെയാണ് ഹർജി കക്ഷി കമ്മിഷനിൽ പരാതി നൽകിയത്. രണ്ട് കക്ഷികളും അഭിഭാഷകർ മുഖേന കോടതിയിൽ ഹാജരായി തെളിവുകൾ നൽകി.
തെളിവുകൾ പരിശോധിച്ച കമ്മീഷന് ഈ വാഹനം 30/04/2014, 19/05/2014 തീയതികളിലായി 66,408 രൂപയുടെ ബോഡി റിപ്പയറിങ് ചെയ്തതാണെന്ന് ബോദ്ധ്യപ്പെട്ടു. പരാതിക്കാരനെ മനപ്പൂർവ്വം കബളിപ്പിക്കണമെന്ന ഉദ്ദേശത്തോട് കൂടിയാണ് എതിർകക്ഷി പ്രവർത്തിച്ചതെന്നും കാറിൻ്റെ വിലയായ 6,44,033 രൂപ കമ്മിഷനിൽ ഹർജി ഫയൽ ചെയ്ത 2019 മേയ് 31 മുതൽ 9 % പലിശയോട് കൂടി നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി വിധിച്ചു
ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 7,40,033 രൂപയും പലിശയും എതിർകക്ഷി പരാതിക്കാരന് നൽകണമെന്ന് കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചു. ഹർജിക്കാരന് വേണ്ടി ഷിലു മുരളീധരൻ ,പി.സി.ഹരി എന്നിവർ ഹാജരായി