നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ ആദരിച്ചാണ് അവാർഡ് നൽകുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ഫാ. ബിജു പി. തോമസ്, സെക്രട്ടറി കെ. വി. വർഗീസ്, ട്രസ്റ്റി സി. ജെ. നൈനാൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ മാസം എട്ടാം തീയതി കൊമ്പങ്കേരി ലൈറ്റ് ടു ലൈഫ് ഓൾഡ് ഏജ് ഹോമിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് തുകയും പ്രശംസാഫലകവും നൽകും.
സെപ്റ്റംബർ എട്ടിന് വൈകിട്ട് 4 മണിക്ക് കൂടുന്ന സമ്മേളനത്തിൽ എം. ജി. എം. ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ അവതരിപ്പിക്കും. നിരണം വൈസ്മെൻസിന്റെ സാന്നിധ്യം ഉണ്ടാകും. സെൽഫ് എംപ്ലോയ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി തയ്യൽ മെഷീനുകളുടെ വിതരണവും അന്നേദിവസം നടക്കുന്നതാണ്.