തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ.കണ്ണൂർ,തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത് . സംഭവത്തിൽ 12-ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു .ഇറിഡിയം-റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിവരം .
കോയമ്പത്തൂർ സ്വദേശി അരുണിനെയാണ് (40) തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത്.അത്ഭുതശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഇറിഡിയം-റൈസ് പുള്ളർ കോപ്പർ ലോഹം നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് ഇയാൾ ലക്ഷങ്ങൾ തട്ടിയിരുന്നു.ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് .
അരുണിന് ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി ശശാങ്കനെയും സംഘം ആക്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.അരുൺ മരിച്ചെന്ന് മനസിലായതോടെ മൃതദേഹം കൈപ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റെന്ന വ്യാജേനയാണ് ഇവർ ആംബുലൻസ് വിളിച്ചു വരുത്തിയത്.ശശാങ്കൻ നൽകിയ മൊഴികൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.