കോന്നി: വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പോലീസിന്റെ അന്വേഷണത്തെതുടർന്ന് പിടിയിലായത്.
2022 മാർച്ച് ഒന്നിനും ഈവർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് ആരംഭം. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് മുങ്ങി, അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു.
തുടർന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. തന്ത്രശാലിയായ ദീപു, പരിചയപ്പെടുന്ന സ്ത്രീകളോടെല്ലാം തുടക്കത്തിൽ പറയുക താൻ അനാഥനാണ് എന്നാണ്. വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തുകയും ചെയ്യും. ഇത്തരത്തിലായിരുന്നു മുമ്പ് മൂന്ന് സ്ത്രീകളെയും ഇയാൾ ചതിച്ചത്. ഇപ്പോൾ വിവാഹം കഴിച്ചു ഒപ്പം കഴിഞ്ഞുവന്ന യുവതിയ്ക്ക് ഇയാളിൽ സംശയം ജനിച്ചത് കാരണമാണ് തട്ടിപ്പിന്റെ കഥകൾ പുറത്തായത്.
ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ് ബുക്ക് സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്. യുവതിയെ ഉപേക്ഷിച്ചുകടക്കാൻ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി കോന്നി പോലീസിനെ പരാതിയുമായി സമീപിച്ചത്.
ശനിയാഴ്ച കോന്നി പോലീസിൽ കൊടുത്ത പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്ക് ശേഷം പ്രതിയെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.