ചെങ്ങന്നൂർ : ഓണം വര്‍ണാഭമാക്കാന്‍ വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ജില്ലാതല മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഓണം വിപണന മേള ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മേള സെപ്റ്റംബര്‍ 13 വരെ നടക്കും.
ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സംരംഭകരുടെ ഒരു ഉത്പന്നമെങ്കിലും മേളയില്‍ എത്തിക്കുന്നുണ്ട്. ഓണ വിപണിയില്‍ ഉണ്ടാകുന്ന വിലകയറ്റം പിടിച്ചുനിര്‍ത്താനായി ഉപഭോക്താകള്‍ക്ക് ന്യായ വിലക്ക് ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. വനിതാ കര്‍ഷകരുടെയും സംരംഭകരുടേയും നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ആണ് മേളയില്‍ പ്രധാനമായുമുള്ളത്. കുടുംബശ്രീ ബ്രാന്‍ഡഡ് ചിപ്‌സ്, ശര്‍ക്കരവരട്ടി എന്നിവയും വിവിധ തരം ധാന്യ പൊടികളും മേളയിലുണ്ട്. കൂടാതെ കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, പൂക്കള്‍ തുടങ്ങിയവയും മേളകളില്‍ ലഭിക്കും.