ആറന്മുള: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം, ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണർ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ പേരിൽ ജില്ലയുടെ വൃക്ഷമായ പ്ലാവ് മരം നട്ടു നിർവ്വഹിച്ചു.
ജൂൺ 23 മുതൽ ജൂലൈ 6 വരെയുള്ള തീയതികളിൽ ദേശീയ തലത്തിൽ ബിജെപി പ്രവർത്തകരും അനുഭവികളും സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടു സംരക്ഷിക്കുന്ന പ്രവർത്തനം ഏറ്റെടുത്തിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്ന സന്ദേശം നൽകി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ സ്വന്തം അമ്മയുടെ പേരിൽ ഒരു മരം നട്ടിരുന്നു. തുടർന്ന് എല്ലാവരും അവരവരുടെ അമ്മമാരുടെ പേരിൽ ഒരു മരം നട്ടു പരിപാലിച്ചു സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 10000 വൃക്ഷതൈകൾ നടും. ചടങ്ങിൽ ജില്ലാ ഇൻചാർജ് പി ആർ ഷാജി അധ്യക്ഷത വഹിച്ചു. ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ, ജനറൽ സെക്രട്ടറി ബൈജു കോട്ട, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് കുമാർ, സെക്രട്ടറി രഘുവരൻ പന്തളം മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.