പന്തളം: കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം ഉണ്ടായ സംഭവത്തിൽ കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം സി റോഡിൽ പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടമുണ്ടായത്.
കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീട് ഏതാണ്ട് പൂർണമായും തകർന്നു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ചു.
ദുരന്ത നിവാരണ സ്കീമിൽ ഉൾപ്പെടുത്തി പൂർണ്ണമായും വീട് നിർമ്മിച്ച നൽകുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും സർക്കാരിൽ നിന്ന് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു