പത്തനംതിട്ട : മന്ത്രി വീണാ ജോർജിനെ സിപി എം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് പരസ്യമായി പ്രതികരിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം എ.പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പത്മകുമാർ ചെയ്തത് സംഘടനാപരമായി തെറ്റായ കാര്യമാണ്. സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത് പരിശോധിക്കും. പാർട്ടിക്കുള്ളിൽ പറയേണ്ടവ പരസ്യമായി പറഞ്ഞത് സംഘടനാപരമായി തെറ്റാണ്. അത്തരം നിലപാട് ആരോക്കെ സ്വീകരിച്ചിട്ടുണ്ടോ അവർക്കെതിരെ സംഘടനാപരമായ നിലപാടുകൾ പാർട്ടി സ്വീകരിച്ചിട്ടുണ്ട്. ആര് ചെയ്തു, എത്ര വർഷം പ്രവർത്തിച്ചു എന്നതല്ല പ്രധാനം. കൂട്ടായ പ്രവർത്തനമാണ് പാർട്ടിയെ നയിക്കുന്നത്.
പ്രവർത്തനങ്ങളുടെ മൂല്യവും മെറിറ്റുമാണ് പരിഗണിക്കപ്പെടുന്നത്. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയേണ്ട കാര്യമാണ്. ഇത് ബോധ്യപ്പെടാത്തവരെ അത് മനസിലാക്കി കൊടുക്കാനും പാർട്ടിക്ക് അറിയാം
പി. ജയരാജനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ളവ പാർട്ടിക്ക് ബോധ്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.