കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷം ഭക്തർക്കു ദർശനപുണ്യമേകി. പുലർച്ചെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച 10,008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതി ഹോമത്തോടെയായിരുന്നു തുടക്കം.
ഗണപതിഹോമം കഴിഞ്ഞതോടെ ഗജപൂജയ്ക്കും ആനയൂട്ടിനും ഗജവീരന്മാർ നിരന്നു. ആനയെ ഗണപതിയായി സങ്കൽപ്പിച്ചു പൂജ നടത്തി ഭോജനം നൽകുന്ന ചടങ്ങാണിത്. ഗജവീരന്മാരെ കരിമ്പടവും വെള്ളയും വിരിച്ച് ആദരിച്ചു ഭോജനം നൽകി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ, ഗുരുവായൂർ ദേവസ്വം രാജശേഖരൻ, തിരുവാണിക്കാവ് രാജഗോപാലൻ, കിരൺ നാരായണൻകുട്ടി, പാമ്പാടി സുന്ദരൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, അരുണിമ പാർഥസാരഥി, പീച്ചിയിൽ രാജീവ്, മച്ചാട് ശ്രീഅയ്യപ്പൻ, കരിമണ്ണൂർ ഉണ്ണി, വേമ്പനാട് വാസുദേവൻ, മഹാലക്ഷ്മി കുട്ടിക്കൃഷ്ണൻ, പെരുമ്പാവൂർ അരുൺ അയ്യപ്പൻ എന്നീ ആനകൾ പങ്കെടുത്തു. ഗജപൂജയും ആനയൂട്ടും സമാപിച്ചതോടെ ശ്രീബലി എഴുന്നള്ളത്ത് ആരംഭിച്ചു.
ഗുരുവായൂർ ഇന്ദ്രസെൻ മള്ളിയൂർ മഹാഗണപതിയുടെയും തിരുവാണിക്കാവ് രാജഗോപാൽ ഭഗവതിയുടെയും തിടമ്പേറ്റി. പഞ്ചാരിമേളത്തിന്റെ ആസ്വാദ്യത മതിയാവോളം കേൾവിക്കാർക്കു നൽകി മണിക്കൂറുകൾ നീണ്ടു പെരുവനം കുട്ടൻ മാരാരുടെ മേളം. വൈകിട്ട് കാഴ്ചശ്രീബലിക്കു പാണ്ടിമേളം അകമ്പടിയായി. വർണവിസ്മയം വിതറി തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം നടന്നു.