ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഖാദി കേന്ദ്രത്തിൽ ആരംഭിച്ച നെയ്ത്ത് യൂണിറ്റ് വികസന പാതയിൽ. ദിവസം ശരാശരി 15 മീറ്റർ ഖാദി തുണിത്തരങ്ങളും 192 കഴി നൂലുമാണ് ഇന്നിവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലാ ഖാദി സെന്ററിലേക്ക് നൽകുന്ന ഇവ അവിടെ നിന്ന് വസ്ത്രങ്ങളാക്കി മാറ്റി വിൽപന നടത്തുന്നുണ്ട്.
ഒരു മീറ്റർ ഖാദി തുണിക്ക് 56 രൂപയോളമായാണ് നിലവിൽ വിപണി വില ലഭിക്കുന്നത്. ആര്യാട് ഡിവിഷനിൽ മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിലെ ഖാദി കേന്ദ്രത്തിലാണ് പുതിയ നെയ് ത്ത് യൂണിറ്റ് പ്രവർത്തിക്കുന്നത്. 40 വർഷം മുമ്പ് 1985ൽ ഒരു നൂല്‍നൂല്‍പ്പ് യൂണിറ്റ് മാത്രമായാണ് കേന്ദ്രം പ്രവർത്തിച്ചു തുടങ്ങിയത്.
2025 മാര്‍ച്ച് 14 നാണ് നെയ് ത്ത് യൂണിറ്റ് കൂടി ആരംഭിച്ചത്. നിലവിൽ ഒരു ഇൻസ്‌ട്രക്ടർ, അഞ്ച് നെയ് ത്ത് തൊഴിലാളികൾ, എട്ട് നൂല്‍നൂല്‍പ്പ് തൊഴിലാളികൾ എന്നിങ്ങനെ 14 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
രണ്ട് ഘട്ടങ്ങളായാണ് യൂണിറ്റിന്റെ വികസന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏഴ് തറികൾ അനുവദിക്കുകയും നെയ് ത്തു കാർക്ക് പരിശീലനം നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിൽ അഞ്ചു നൂല്‍നൂല്‍പ്പ് യന്ത്രങ്ങള്‍ നൽകി. രണ്ട് യന്ത്രങ്ങള്‍ കൂടി ഇതിൻ്റെ ഭാഗമായി നൽകും. രണ്ടാം ഘട്ടത്തിൽ അഞ്ചു യന്ത്രങ്ങള്‍ നൽകാനാണ് ലക്ഷ്യമിടുന്നത്. 2023-24ൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഖാദി നെയ് ത്ത് യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചത്.
നിലവിലെ നൂല്‍നൂല്‍പ്പ് യന്ത്രങ്ങളെ കൂടാതെ പുതിയ തറികളും കൂടി അനുവദിച്ച് 50 പേർക്ക് ജോലി ലഭിക്കുന്ന കേന്ദ്രമാക്കി സെന്ററിനെ മാറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.






