കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി ആനന്ദൻ (64) ആണ് വെൻ്റിലേറ്ററിൽ കഴിയുന്നത്.
11 ലക്ഷം രൂപയാണ് ആനന്ദൻ ബാങ്കിൽ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബാങ്കിൽ എത്തിയെങ്കിലും തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതിൽ മനം നൊന്ത് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ആനന്ദൻ ഉൾപ്പെടെ തുക തിരികെ ലഭിക്കാനുള്ളവർ സഹകരണ വകുപ്പിലും ഹൈക്കോടതിയിലും നേരത്തെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തുക തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നിട്ടും ബാങ്ക് അധികൃതർ തുക തിരികെ നൽകിയില്ല. തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാസങ്ങൾക്ക് മുമ്പ് ആനന്ദൻ ഉൾപ്പെടെ ഉള്ളവർ എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് പടിക്കൽ സമരം നടത്തിയിരുന്നു.