ചെന്നൈ : നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചടങ്ങിൽ സംവിധായകൻ സുന്ദർ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും വിവരിച്ചു. ഏകദേശം 400 അംഗങ്ങൾ ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികൾ പൂർത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളിൽ CGI ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ വെറും 15 ഷോട്ടുകളിൽ മാത്രമാണ് AI ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ സിനിമയുടെ പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും പ്രീ-റിലീസ് ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചു. ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങൾ കൂടിയുണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകർക്ക് സിനിമയിൽ തന്നെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.
സുന്ദർ സി ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമാകാറുണ്ടെങ്കിലും ഈ ചിത്രത്തിൽ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.ദീപാവലി ആഘോഷങ്ങൾക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂർണ്ണ എന്റർടെയ്‌നറായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.





