തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ അധ്യക്ഷനായി ഡോ. സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. ഇന്ന് രാവിലെ 8ന് സഭാ ആസ്ഥാനത്തെ സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങിന് സീനിയർ ബിഷപ്പ് ജോൺ മാർ ഐറേനിയസ് മുഖ്യ കാർമികത്വം വഹിച്ചു. കുർബാനയ്ക്ക് മുൻപ് മെത്രാപ്പൊലിത്തയെ പള്ളിയിലേക്ക് പ്രദക്ഷിണമായി ആനയിച്ച ശേഷം കുർബാന മധ്യേ സ്ഥാനാരോഹണ ശുശൂഷകൾ നടന്നു. സ്ഥാനചിഹ്നങ്ങൾ നൽകി സിംഹാസനത്തിൽ ഇരുത്തി ഓക്സിയോസ് ചൊല്ലി ഉയർത്തി സ്ഥാനം ഏൽപ്പിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാൻ കാട്ടിത്തന്ന മാതൃകകൾ താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു.
തുടർന്ന് മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവൻഷൻ സെൻ്ററിൽ ചേർന്ന അനുമോദന സമ്മേളനം തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഭദ്രാസന വൈദികരും ചുമതലക്കാരും, രാഷ്ട്രിയ – മത- സാമൂഹിക രംഗങ്ങളിലെ നിരവധി പേർ പങ്കെടുത്തു