തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം നിരത്തിലിറക്കുന്നതിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. ‘നോ കീ ഫോർ കിഡ്സ്’ എന്ന പുതിയൊരു കാമ്പയിനുമായാണ് എം.വി.ഡിയുടെ വരവ്. ‘മോട്ടോർ വാഹന വകുപ്പ് കേരള’ എന്ന ഫേസ്ബുക് അക്കൗണ്ട് വഴിയാണ് കേരള എം.വി.ഡി കാമ്പയിന് തുടക്കം കുറിക്കുന്നത്.
കാമ്പയിനോടനുബന്ധിച്ച് കുട്ടി ഡ്രൈവർമാരെ ലക്ഷ്യംവെച്ച് സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ കൂടുതൽ പരിശോധനയും നിരീക്ഷണവും തുടരുമെന്നും എം.വി.ഡി അറിയിച്ചു.
18 വയസ്സ് തികയാതെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്ന ദുഃഖവും സാമ്പത്തിക ബാധ്യതകളും രക്ഷിതാക്കൾക്ക് താങ്ങാൻ സാധിക്കുന്നതിലും കൂടുതലാണ്. രക്ഷിതാക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ പലപ്പോഴും കുട്ടികൾ ഉപയോഗിക്കുന്നത് അച്ഛനോ, അമ്മയോ അറിയാതെയാണ്.
എന്നാൽ അപകടം നടന്ന സമയത്ത് ഇക്കാര്യം വെളിപ്പെടുത്തുമ്പോൾ നിസ്സഹായരായി ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങേണ്ടി വരും. അതിനാൽ രക്ഷിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് കർശനമായി വിലക്കണമെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.






