ബാംഗ്ലൂർ: ഗാനഗന്ധർവൻ യേശുദാസിന്റെ 86-ാം ജന്മദിനത്തിന് ഇഷ്ടദേവതയായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു. യേശുദാസിന്റെ ഷഷ്ടിപൂർത്തി വേളയിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്തിലും മൂകാംബികാ സംഗീതാർച്ചനാ സമിതിയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച ഉദയാസ്തമയ സംഗീതാരാധനയിൽ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് കീർത്തനാലാപനം നടത്തി. യേശുദാസിന്റെ പിറന്നാളിന് മൂകാംബികാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. വിജയ് യേശുദാസ്, യേശുദാസിന്റെ സുഹൃത്തുക്കളായ ആർ.കെ.ദാമോദരൻ, ഡോ.സി.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൊല്ലൂർ മൂകാംബികാ സംഗീതാർച്ചനാ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ സൗപർണികാമൃതം പുരസ്ക്കാരത്തിന് അർഹനായ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരന് മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം നടത്തി.






