പത്തനംതിട്ട : കൊടുമൺ സ്വദേശി ജോബി മാത്യു (44) വിൻ്റെ ദുരുഹ മരണത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടിൽ അബ്ദുൽ അസീസ് അറസ്റ്റിൽ. ജോബി മാത്യു ഓടിച്ച വാഹനം അബ്ദുൽ അസീസിൻ്റെ കാറിൽ ഇടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിനിടെ തലയിടിച്ച് വീണത് മരണകാരണമായതെന്നാണ് നിഗമനം.
കൊടുമണ്ണിൽ വെൽഡിങ് വർക്ക്ഷോപ്പ് നടത്തുന്ന ജോബി മാത്യുവിനെ കഴിഞ്ഞ മാസം 25 ന് രാത്രിയിലാണ് ഇടത്തിട്ട ഭാഗത്തെ വീടിന് സമീപം റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപകടത്തെ തുടർന്ന് ജാേബിക്ക് പരുക്ക് ഉണ്ടായതാണെന്നാണ് ആദ്യം ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നതെങ്കിലും ജോബിയെ ചികിത്സിച്ച ഡോക്ടർ പരുക്ക് അപകടം മൂലമല്ല എന്ന് കണ്ടെത്തിയതാണ് കേസിന് വഴിത്തിരിവായത്. അപകടം നടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബിയുടേതല്ലാത്ത മറ്റൊരു കാർ സംഭവസ്ഥലത്തുണ്ടായിരുന്നതായി കണ്ടെത്തി.
ഇത് ഒരു ചുവന്ന മാരുതി സിഫ്റ്റ് കാറാണെന്ന് മനസ്സിലാക്കിയ പൊലീസ് ജില്ലയിലെ മുഴുവൻ മാരുതി സിഫ്റ്റ് കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു. 200 ഓളം കാറുടമകളുടെ വിവരങ്ങളാണ് കണ്ടെത്തിയത്. ഇതിനൊപ്പം തന്നെയാണ് അബ്ദുൽ അസീസിനെയും അന്വേഷിച്ചത്. ഇയാളെ ഫോണിൽ വിളിച്ച് വാഹനവുമായി സ്റ്റേഷനിലെത്തണമെന്ന് അറിയിച്ചെങ്കിലും എത്താതിരുന്നതോടെ കൊടുമൺ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി. എന്നാൽ അപ്പോഴേക്കും അബ്ദുൽ അസീസ് ഒളിവിൽ പോയിരുന്നു. ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ചതായി മനസിലാക്കുകയും വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്
അബ്ദുൽ അസീസിൻ്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ സംഭവ സമയം ഇയാൾ കൊടുമൺ പ്രദേശത്ത് ഉണ്ടായിരുന്നതായി വ്യക്തമായി. ഇതിനിടെ അബ്ദുൽ അസീസ് ജില്ലാ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമവും നടത്തി.
തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി തിരുവനന്തപുരത്ത് വച്ചാണ് പിടിയിലായത്. ജോബി വാടകയ്ക്കെടുത്ത കാർ അബ്ദുൽ അസീസിൻ്റെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ തട്ടിയതാണ് തർക്കത്തിനിടയാക്കിയത്. ജോബിയുമായി അബ്ദുൽ അസീസും വാഹനത്തിലുണ്ടായിരുന്നവരും തർക്കത്തിലേർപ്പെടുകയും ജോബി മാത്യുവിനെ ഇവർ പിടിച്ച് തള്ളുകയും തുടർന്ന് ജോബി തലയടിച്ച് റോഡിൽ വീഴുന്നതുമായ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായും വിവരമുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.