ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ അലക്സ് വർഗീസ് നിർവഹിച്ചു. മുന്‍ എം.എല്‍.എയും ചീഫ് കോ ഓര്‍ഡിനേറ്ററുമായ സി.കെ.സദാശിവന്‍ അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്തു. ചുണ്ടൻ വളളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വളളത്തിനെ അയോഗ്യരാക്കും.
ക്യാപ്റ്റൻസ് ക്ലീനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50% കുറവ് വരുത്തും.
വള്ളങ്ങളുടെ പരിശീലനം 5 ദിവസത്തിൽ കുറയാൻ പാടില്ല. 5 ദിവസത്തിൽ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മറ്റി പരിശോധിക്കും. പരിശീലന സമയങ്ങളിൽ ചുണ്ടൻവള്ളങ്ങളിൽ മാഷ് ഡ്രിൽ പരിശീലനം നിർബന്ധമായും ഉൾപ്പെടുത്തണം.
ചുണ്ടൻവളളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ ) കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്.
വളളംകളിയിൽ പങ്കെടുക്കുന്ന എല്ലാ തുഴച്ചിൽകാർ നീന്തൽ പരിശീലനം ലഭിച്ചവരും, 18 വയസ് പൂർത്തിയായവരും, 55 വയസ്സിൽ കൂടുവാനും പാടുള്ളതല്ല.
മത്സര ദിവസം വളങ്ങളിൽ പ്രദർശിപ്പിക്കുവാൻ കമ്മറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്‌പോൺസർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുവാൻ പാടില്ല. മത്സര ദിവസം 2 മണിയ്ക്ക് മുൻപായി എല്ലാ ചുണ്ടൻ വളളങ്ങളും അനുവദനീയമായ യൂണിഫോംധാരികളായ തുഴക്കാരോടൊപ്പം വി.ഐ.പി. പവലിയനുമുന്നിൽ അണിനിരന്ന് മാസ്ഡ്രില്ലിൽ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്ത ക്ലബുകളുടെ ബോണസിൽ 50% കുറവ് വരുത്തുന്നതാണ്.
യൂണിഫോമും ഐഡൻ്റിറ്റി കാർഡും ധരിക്കാത്ത തുഴച്ചിൽക്കാർ മത്സരിക്കുന്ന ചുണ്ടൻ വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല. സ്റ്റാർട്ടിംഗിലെ സുഗമമായ നടത്തിപ്പിന് നിബന്ധനകൾ അനുസരിക്കാത്ത വള്ളങ്ങളെ റേസിൽ നിന്ന് വിലക്കുന്നതിനുള്ള അധികാരം റേസ് കമ്മറ്റിക്ക് ഉണ്ടായിരിക്കും. ജഡ്‌ജസിൻറെ തീരുമാനം അന്തിമമായിരിക്കും.