പത്തനംതിട്ട : അഴൂരില്‍ പുതുതായി നിർമ്മിച്ച സബ്‌സ്റ്റേഷന്‍ ജില്ലയിലെ വൈദ്യുതി വിതരണത്തിൽ വലിയ പുരോഗതി സൃഷ്ട്ടിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്സ്റ്റേഷന്റെ ഉദ്ഘാടനം പത്തനംതിട്ട മേരിമാത ഫോറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
220 കെവി സബ്സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ വൈദ്യുതി വിതരണം കൂടുതൽ സുഗമമാകും. നിലവില്‍ ആലപ്പുഴയിലെ ഇടപ്പോണ്‍ 220 കെവി സബ്‌സ്റ്റേഷനെയാണ് ജില്ല പ്രധാനമായും ആശ്രയിക്കുന്നത്. അവിടെയുണ്ടാകുന്ന തകരാറുകള്‍ ജില്ലയിലെ വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ചിരുന്നു.
എന്നാല്‍ പദ്ധതിയിലൂടെ പത്തനംതിട്ട, കൂടല്‍ സബ്‌സ്റ്റേഷനുകളിലേക്ക് കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് 110 കെവി വൈദ്യുതി എത്തിക്കാന്‍ സാധിക്കും. അടൂര്‍, ഏനാത്ത് സബ്‌സ്റ്റേഷനുകള്‍ 110 കെവി വോള്‍ട്ടേജ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയും, റാന്നി, കോഴഞ്ചേരി, കക്കാട് സബ്‌സ്റ്റേഷനുകളിലെ വൈദ്യുതി ലഭ്യത വര്‍ദ്ധിക്കുകയും ചെയ്യും. ആധുനിക ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച സബ് സ്റ്റേഷന്‍ പരിപാലനച്ചെലവും വൈദ്യുതി തടസ്സവും ഗണ്യമായി കുറയ്ക്കുകയും ചെയ്യും. 4 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വിതരണ രംഗത്ത് 32.94 ലക്ഷം പുതിയ സര്‍വീസ് കണക്ഷനുകള്‍ നല്‍കി. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനായി ലോ ടെന്‍ഷന്‍ ലൈനുകളില്‍ 222 ലക്ഷത്തോളം സ്‌പേസറുകള്‍ സ്ഥാപിച്ചു. വൈദ്യുതി പ്രസരണ മേഖലയില്‍ 2016-17 മുതല്‍ 2024-25 വരെ കെ എസ് ഇ ബി എല്‍ 8056.30 കോടി രൂപയുടെയും, വിതരണ മേഖലയില്‍ 13014.99 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.ഹരിത ഊര്‍ജ്ജരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന്. മാതൃകയാണ്.
ഊര്‍ജ്ജ കാര്യക്ഷമത സൂചികയില്‍ കേരളം മുന്‍പന്തിയിലാണ്. മണ്ഡലകാലങ്ങളില്‍ ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണമായും മുടങ്ങിയത് സെക്കന്റുകള്‍ മാത്രമാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.