തിരുവല്ല: ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ ബേസ് ക്യാമ്പിൽ നിന്ന് ശുദ്ധജലം പൈപ്പിലൂടെ ലഭ്യമാക്കുന്ന സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്കെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരും തീർത്ഥാടനകാലം മുതൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജല്‍ ജീവന്‍ മിഷന്റെ എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കുടിവെള്ള വിതരണം സർക്കാർ പ്രാധാന്യത്തോടെ ഏറ്റെടുത്തു. മൂന്നര വർഷം മുൻപ് 17 ലക്ഷം ഗാർഹിക കണക്ഷൻ ഉണ്ടായിരുന്നത് 44 ലക്ഷമായി ഉയർത്തി. രണ്ട് മാസത്തിനുള്ളിൽ എട്ട് ലക്ഷം കുടുംബങ്ങളിലേക്കും കൂടി കുടിവെള്ളം എത്തിക്കും സർക്കാർ പദ്ധതി പ്രയോജനപ്പെടുത്തി നെടുമ്പ്രം പഞ്ചായത്ത് എല്ലാ വീടുകളിലും ജലം എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തിയായ നെടുമ്പ്രം വെസ്റ്റ് ലിഫ്റ്റ് ഇറിഗേഷൻ കനാലും മന്ത്രി ഉദ്ഘാടനം ചെയ്തു.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷയായി. ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര്‍. വി. സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷനിലൂടെ ആദ്യഘട്ടത്തിൽ 15.68 ലക്ഷം രൂപ ചെലവഴിച്ച് 105 വീടുകൾക്കും രണ്ടാം ഘട്ടത്തിൽ 236.30 ലക്ഷം രൂപയിൽ ശേഷിക്കുന്ന 922 വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ നല്കി. ഇതോടെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയിൽ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നൽകുന്ന ആദ്യ പഞ്ചായത്തായി.
ജില്ലാ പഞ്ചായത്ത് അംഗം മായാ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ഫിലിപ്പ്, ജെ പ്രീതിമോൾ, എൻ എസ് ഗിരിഷ്‌കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് ബേബി, പി. വൈശാഖ്, ശ്യാം ഗോപി, ജിജോ ചെറിയാൻ, കെ.എസ്.സി.ഇ.ഡബ്ലു.ബി വൈസ് ചെയര്‍മാന്‍ അഡ്വ ആര്‍ സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.