ചങ്ങനാശ്ശേരി : കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രഘോഷകനായിരുന്ന സെയിന്റ് തോമസിന്റെ ഓർമ്മ ദിനമായ ദുക്റാന തിരുനാൾ പൊതു അവധിയോ നിയന്ത്രിത അവധിയോ ആയി പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും ആവശ്യപ്പെടുന്ന വിഷയമാണെന്ന് കത്തോലിക്കാ കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങളും നിവേദനങ്ങളും സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.
2024 ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് ധർണ്ണയിലും തുടർന്ന് ബന്ധപ്പെട്ട മന്ത്രിമാർക്ക് നിവേദനം സമർപ്പിക്കുന്നതിനിടയിലും ഈ ആവശ്യം പരിഗണിക്കാം എന്ന ഉറപ്പ് ബന്ധപ്പെട്ട അധികൃതർ നൽകിയിരുന്നു. എന്നാൽ 2025ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജൂലൈ 3 ദുക്റാന തിരുന്നാൾ ദിനത്തെ ഒഴിവാക്കിയത് അത്യന്തം പ്രതിഷേധാർഹമാണെന്ന് കത്തോലിക്കാ കോൺഗ്രസ്.
കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിലുള്ള എവൈക്ക് ’24 ആലപ്പുഴ പുറക്കാട് മാർ പള്ളിയിൽ നടക്കുന്നതിനിടയിൽ പ്രമേയത്തിലൂടെയാണ് അതിരൂപത സമിതി ഈ ആവശ്യം ഉന്നയിച്ചത്. വിശ്വാസപരമായി വളരെയേറെ പ്രാധാന്യമുള്ളതും അതിലേറെ വികാരപരവും ആയിട്ടുള്ള ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് അനുഭാവ പൂർണ്ണമായ സമീപനം ഉണ്ടാവണമെന്നും സമിതി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സംഘടന അറിയിച്ചു.
സമ്മേളനത്തിൽ പുറക്കാട് മാർ സ്ലീവ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ ആൻ്റണി കണ്ടത്തിൽപറമ്പിൽ അധ്യക്ഷനായിരുന്നു സമ്മേളനം ആലപ്പുഴ ഫൊറോന ഡയറക്ടർ ഫാ. ജോയൽ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല അനുഗ്രഹപ്രഭാഷവും അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ മുഖ്യപ്രഭാഷണവും അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം വിഷയാവതരണ പ്രസംഗവും നടത്തി.
അതിരൂപത ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, വൈസ് പ്രസിഡൻ്റ് റോസ്ലിൻ കെ. കുരുവിള, സെക്രട്ടറിമാരായ ജിനോ ജോസഫ് കളത്തിൽ, സെബാസ്റ്റ്യൻ വർഗ്ഗീസ്, കുഞ്ഞ് കളപ്പുര, ജെസി ആൻ്റണി, സിസി അമ്പാട്ട്, ഭാരവാഹികളായ ഷാജി പോൾ ഉപ്പൂട്ടിൽ, ജോഷി വാണിയംപുരയ്ക്കൽ, ജോണി ആൻ്റണി വാണിയംപുരയ്ക്കൽ, ബീന എബ്രഹാം പത്തിൽ എന്നിവർ പ്രസംഗിച്ചു.