തിരുവല്ല: മികച്ച വിദ്യാഭ്യാസം നേടുക മാത്രമല്ല നല്ല പെരുമാറ്റ സംസ്കാരം ശീലിക്കാനും കഴിയണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത. മാർത്തോമാ സുവിശേഷക സേവികാ സംഘം വനിതാ മന്ദിരത്തിന്റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത.
നല്ല ശീലങ്ങൾ ഇല്ലാത്തതിന്റെ ഭവിഷത്തുകൾ വർധിച്ചുവരുന്നു. ഇതു കണ്ടില്ലെന്ന് നടിക്കരുത്. ഭാര്യാ ഭർത്താക്കന്മാർക്ക് ഒരുമിച്ചു ജീവിക്കാനും മക്കൾക്കായി സമയം കണ്ടെത്താനും കഴിയുന്നില്ല. ജീവനത്തിന്റെ പാഠങ്ങൾ പഠിക്കുന്ന ഇടമായി വനിതാ മന്ദിരം മാറണം. കൂടുതൽ വനിതകളെ ഇവിടേക്ക് അയക്കണം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകളെയും ഉൾക്കൊള്ളുകയും കരുതുകയും വേണം. കുടുംബ ബന്ധങ്ങൾ , കുട്ടികളുടെ പരിചരണം, അയൽ ബന്ധങ്ങൾ എന്നിവ ഇവിടെ നിന്ന് ശീലിക്കട്ടെയെന്നും മെത്രാപ്പോലിത്താ ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ അധ്യക്ഷനായി. മന്ത്രി വീണാ ജോർജ് മുഖ്യ സന്ദേശം നൽകി. മാത്യു. ടി. തോമസ് എം എൽ എ, സെറാമ്പൂർ യൂണിവേഴ്സിറ്റി ഡീൻ ഡോ. അശ്വതി ജോൺ, സേവികാ സംഘം ജനറൽ സെക്രട്ടറി റേച്ചൽ ജോർജ്, വനിതാ മന്ദിരം പ്രിൻസിപ്പാൾ ആനി തോമസ്, മുൻ പ്രിൻസിപ്പാൾ സാറാമ്മ ഈപ്പൻ, അലുമ്നി അസ്സോസ്സിയേഷൻ സെക്രട്ടറി ലിനി സാറാ തോമസ്, മുൻ ജനറൽ സെക്രട്ടറി സൂസമ്മ ജോർജ്ജ് മാത്യു, സംഘം വൈസ് പ്രസിഡൻ്റ് പ്രൊഫ. ഗീതാ ആനി ജോർജ്ജ്, ട്രഷറർ ജസി പണിക്കർ, വനിതാ ബോധിനി ചീഫ് എഡിറ്റർ സീനാ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു