ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച് ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി മദ്യം വില്പന നടത്തിയ ഉടമ എക്സൈസ് പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് വീട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന സമാന്തര ബാർ ഉടമ പാതയിൽ അരുൺ പി ബൈജുനെ ആണ് ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി താലൂക്കിൽ മദ്യം, മയക്കുമരുന്ന് കടത്തുകളും വില്പനയും കണ്ടെത്തുന്നതിനായി പരിശോധനകൾ എക്സൈസ് കർശ്ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
പ്രതി അരുണിൻ്റെ വീട്ടിൽ നിന്നും മൂന്ന് ചാക്കുകളിലായി റം, ബ്രാണ്ടി ഇനത്തിൽപ്പെട്ട 40 കുപ്പികളാണ് കണ്ടെടുത്തത്. ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി വിൽക്കുന്നതിനായി ശേഖരിച്ച മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






