ആറന്മുള: പള്ളിയോടസേവ സംഘവും കെ.എസ്.ആര്‍.ടി.സി. യും സംയുക്തമായി ആരംഭിക്കുന്ന പഞ്ച പാണ്ഡവ ക്ഷേത്ര പര്യടനയാത്ര ഞായറാഴ്ച മുതല്‍ ആറന്മുളയിൽ നിന്ന് ആരംഭിക്കും. പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ആറ് ബസുകള്‍ ആരംഭദിവസം രാവിലെ 10:30 ന് എത്തിച്ചേരും, 300 പേരാണ് സംഘത്തില്‍ ഉണ്ടാകുന്നത്.
കണ്ണൂര്‍, തൊടുപുഴ, വൈക്കം, നെടുമങ്ങാട്, വെഞ്ഞാറമ്മൂട്, മാവേലിക്കര ഡിപ്പോയില്‍ നിന്നുള്ള യാത്രക്കാരാണ് എത്തിച്ചേരുന്നത്. തൃപ്പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, തൃച്ചിറ്റാറ്റ്, തിരുവാറന്മുള, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതാണ് യാത്രാ പാക്കേജ്. ആറന്മുളയില്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ഇവര്‍ക്കായി പ്രത്യേക വള്ളസദ്യ ഒരുക്കിയിട്ടുണ്ട്.
എല്ലാ ഒഴിവു ദിവസങ്ങളിലും മറ്റു പ്രത്യേക ദിവസവും സംഘം കേരളത്തിലെ പല ജില്ലകളില്‍ നിന്നായി എത്തിച്ചേരും. ഒക്ടോബര്‍ വരെ നീണ്ട് നില്‍ക്കുന്ന തീർഥാടന യാത്രയാണിത്. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് വള്ള സദ്യ നല്‍കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫുഡ് കമ്മറ്റി കണ്‍വീനര്‍ മുരളി ജി.പിള്ള പറഞ്ഞു.
ബസില്‍ എത്തുന്ന സംഘത്തിന് ആറന്മുള വള്ളസദ്യയുടെ പ്രതീതി ലഭിക്കുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങള്‍ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.